ഗുജറാത്തില്‍ ബിജെപിയില്‍ കൂട്ടരാജി

0

ബിജെപിയില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്. 300 ളം ബിജെപി പ്രവര്‍ത്തകരാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി എഎപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ നിന്ന് 35ലധികം യുവ അംഗങ്ങള്‍ കഴിഞ്ഞ ദിവസം എഎപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇത്രയും പേര്‍ പാര്‍ട്ടി വിട്ടത്. ബിജെപിയുടെ യുവനേതാവ് ഭാവേഷ് രാധയ്യയുടെ നേതൃത്വത്തിലാണ് 200 ഓളം വരുന്ന പ്രവര്‍ത്തകര്‍ ഞായറാഴ്ച മാത്രം പാര്‍ട്ടി വിട്ടത്.

5-10 വര്‍ഷമായി ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് എഎപിയില്‍ ചേര്‍ന്നതെന്ന് എഎപി വക്താവ് യോഗേഷ് ജദുവാനി പറഞ്ഞു. സൂറത്ത് സിറ്റിയിലെ കതോടര ഗ്രാമത്തില്‍ നിന്ന് 100 ബിജെപി അംഗങ്ങള്‍ തിങ്കളാഴ്ച പാര്‍ട്ടിവിട്ടു. അതിനിടെ ഇത്രയും അംഗങ്ങള്‍ പാര്‍ട്ടി വിട്ടത് ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൂറത്ത് സിറ്റി ബിജെപി പ്രസിഡന്റ് നിരഞ്ജന്‍ യൂത്ത് സെല്ലിനോട് ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും പുതിയ അംഗങ്ങള്‍ക്കാണ് ചുമതലകള്‍ നല്‍കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും പാര്‍ട്ടിയില്‍ നിന്ന് പോയ വിപുല്‍ ശഖിയ പറഞ്ഞു. തങ്ങള്‍ രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.