രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ പടരുന്നു. ഇതുവരെ 28 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇവരില്‍ 14 പേര്‍ ഇറ്റലിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്.
ഡൽഹി , കൊൽക്കത്ത , മുംബൈ , ചെന്നൈ , ബംഗ്ളൂരു , ഹൈദരാബാദ് , കൊച്ചി വിമാനത്താവളത്തിൽ എത്തുന്നവരെ നിലവിൽ തെർമൽ സ്ക്രീനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം ഉൾപ്പെടെ 12 വിമാനത്താവളങ്ങളിൽ കൂടി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അതേ സമയം നോയിഡയിൽ കൊറോണ ബാധിച്ചയാളുടെ കുടുംബത്തിലെ അഞ്ച് പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 92,615 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതിൽ 80,151 പേരും ചൈനയിലാണ്. 2,943 പേരാണ് ചൈനയിൽ മാത്രം ഇതുവരെ മരിച്ചത് അമേരിക്കയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയിൽ 79 ഉം ഇറാനിൽ 77 ഉം വൈറസ് ബാധിതർ മരിച്ചു. ഇതിനിടെ ജയിലിൽ രോഗം പടരുന്നത് തടയുന്നതിൻറെ ഭാഗമായി ഇറാനിൽ അരലക്ഷത്തിൽ അധികം തടവുകാരെ പരോൾ നൽകി പുറത്തിറക്കി.
കൂടുതൽ രാജ്യങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ആളുകൾ തിരികെയെത്താൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ഇതിനായി കൂടുതൽ ആളുകളെ നിയോഗിക്കും. 12 രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ആശുപത്രികളിൽ ഐസെലേഷൻ വാർഡുകൾ തുടരുമെന്നും മന്ത്രി പറഞ്ഞു.