ഒരു മണിക്കൂറില്‍ കെ എന്‍ ബാലഗോപാലൻ്റെ ആദ്യ ബജറ്റ്

0

ആരോഗ്യ മേഖലക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റ്. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാന ലക്ഷമെന്ന് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കി. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിൻ്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിൻ്റെ ആഘാതം കുറക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാത്തിനും ഉപരിയായി ആരോഗ്യം, എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യവും ഭക്ഷണവും ഉറപ്പ് വരുത്തുക. തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി 20,000 കോടി രൂപയുടെ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലഎന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുന്ന നയം തുടരും. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറില്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍ തൻ്റെ കന്നി ബജറ്റ് അവതരണം അവസാനിപ്പിക്കുകയും ചെയ്തു.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടിയെക്കുറിച്ചും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട് മന്ത്രി. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കും. അടിയന്തര പ്രാധാന്യമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങള്‍ ആണ് തീരദേശത്തിനായുള്ള പാക്കേജില്‍  ഉള്‍പ്പെടുത്തിയത്. കടല്‍ഭിത്തി സംരക്ഷണത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്തിയാകും പദ്ധതികള്‍ നടപ്പില്‍ വരുത്തുക. ഇതിൻ്റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി വഴി നല്‍കും. 4 വര്‍ഷം കൊണ്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.