തമിഴ്‌നാട് സിറ്റി ബസുകളില്‍ ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി മുതല്‍ ബസ് യാത്ര സൗജന്യം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ 98ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. അധികാരമേറ്റ ഉടന്‍ സ്ത്രീകള്‍ക്കും ബസില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നു എംകെ സ്റ്റാലിന്‍.
ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കൊവിഡ് ദുരിതാശ്വാസത്തിനായി നല്‍കുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ച് നടന്നു. സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും സ്റ്റാലിന്‍ തുടക്കമിട്ടിട്ടുണ്ട്.
38 ജില്ലകളിലായി 1000 വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുക. ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും നേടിയവര്‍ക്ക് സര്‍ക്കാര്‍ വീട് വെച്ച് നല്‍കും. 70 കോടി രൂപ ചെലവില്‍ മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രറി നിര്‍മിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.