ഗ്രാമപ്രദേശങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായി വ്യത്യസ്തമായ നടപടിയുമായി മഹാരാഷ്ട്ര. കൊവിഡ് മുക്ത ഗ്രാമം എന്ന പേരില്‍ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളെ കൊവിഡ് മുക്തമാക്കാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് മത്സരം നടത്തുന്നത്.
ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷവുമായിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. സമ്മാനത്തുകക്ക് പുറമെ പ്രോത്സാഹനമായി അധിക തുകയും ലഭിക്കും. ഇത് അതത് ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാമെനന്ും മന്ത്രി അറിയിച്ചു.
22 ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തെരഞ്ഞെടുക്കുക. ഇതിനായി പ്രത്യേകം കമ്മിറ്റിയേയും ചുമതലപ്പെടുത്തും. സംസ്ഥാനത്തെ നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വര്‍ധിച്ച് വരികയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,169 പുതിയ കേസുകളും 285 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.