ഒന്നും ഒളിച്ചു വെക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ നെഞ്ച് വേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റാവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാത്തതെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കൊടകര സംഭവത്തില്‍ സത്യം തെളിയിക്കാനാണെങ്കില്‍ ബിജെപി അതുമായി സഹകരിക്കും.
സിപിഎം നേതാക്കളെ പോലെ അന്വേഷണത്തില്‍ നിന്ന് ബിജെപി ഒളിച്ചോടില്ല. വിളിപ്പിച്ച എല്ലാ നേതാക്കളും ഹാജരായിട്ടുണ്ട്. നേതാക്കളെ ചോദ്യം ചെയ്ത് എന്ത് വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അധികാരമില്ലാത്ത കാര്യങ്ങളാണ് പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓര്‍ക്കണം.
കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ആസുത്രിതമായ കള്ളപ്രചാരണമാണ് നടക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. സിപിഎം പുകമറ സൃഷ്ടിക്കുന്നു. ബിജെപിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ തങ്ങള്‍ കേസ് കൊടുക്കുമായിരുന്നോ. ധർമരാജന്‍ ബന്ധപ്പെട്ടപ്പോള്‍ ബിജെപി നേതാക്കളെല്ലാം കേസ് കൊടുക്കാനാണ് പറഞ്ഞത്.
സിപിഎം ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്ത അടിച്ചുവിടുന്നത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. വിളിച്ചാല്‍ പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.