സ്‌കൂള്‍ പ്രവേശനോത്സവം; സംസ്ഥാന ഉദ്ഘാടനം ജൂണ്‍ 1ന്

0

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

രാവിലെ 8.30ന് ചടങ്ങള്‍ ആരംഭിക്കും. ചടങ്ങില്‍ പരമാവധി 25 പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാകുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് അധ്യാപകര്‍ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വാട്‌സ് ആപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങള്‍ വഴിയോ എത്തിച്ചാല്‍ മതി. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിനിടയാക്കിയതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ വീടുകളിലെത്തി കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്കവേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.