HomeKeralaആദ്യഘട്ടം പൂർത്തിയായി; തൃശൂർ ജില്ലയിൽ സംഭരിച്ചത് 18444 ടൺ നെല്ല്

ആദ്യഘട്ടം പൂർത്തിയായി; തൃശൂർ ജില്ലയിൽ സംഭരിച്ചത് 18444 ടൺ നെല്ല്

കർഷകരിൽ നിന്ന് പരാമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിൻറെ രണ്ടാംഘട്ട രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ തൃശൂർ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 49.8 ടൺ നെല്ല്. ജില്ലയിൽ നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി 36 മില്ലുകളാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. സംഭരണത്തിനുളള രണ്ടാംഘട്ട ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 25 നാണ് അവസാനിച്ചത്. 42017 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

തൃശ്ശൂർ താലൂക്കിലാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തത്. 18087 പേർ. ചാലക്കുടി – 2639 , ചാവക്കാട് – 3645 , കൊടുങ്ങല്ലൂർ – 209 , മുകുന്ദപുരം – 4878 , തലപ്പിളളി – 12559 , എന്നിങ്ങനെയാണ് മറ്റു താലൂക്കിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം. തലപ്പിളളി താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത്. 14793 ടൺ. ചാലക്കുടി – 5409 , ചാവക്കാട് – 1536 , കൊടുങ്ങല്ലൂർ 675 , മുകുന്ദപുരം – 8321 തൃശ്ശൂർ 2056 എന്നിങ്ങനെയാണ് മറ്റു താലൂക്കിൽ സംഭരിച്ച നെല്ലിന്റെ അളവ്. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക.

കൊയ്ത്തു നടക്കുമ്പോൾ തന്നെ മില്ല് അനുവദിച്ച് കിട്ടുന്നതിനാൽ കൊയ്ത്തു കഴിഞ്ഞ് നെല്ല് വൃത്തിയാക്കുന്നതോടെ സംഭരണം തുടങ്ങാനാവും. ദിവസങ്ങളോളം നെല്ല് കിടക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകില്ല. കർഷകർ അപേക്ഷകൾ യാഥാസമയം അതത് കൃഷിഭവനിലും തുടർന്ന് കൃഷി ഓഫീസർമാരുടെ ശുപാർശയോടെ സംഭരണ ഓഫീസിലും എത്തിക്കുന്നതിനാൽ കാലതാമസം ഉണ്ടാവില്ല. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18-19 രൂപ സംഭരണ വിലയായി നൽകുമ്പോൾ സപ്ലൈകോ നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്. കേന്ദ്ര സർക്കാർ നൽകുന്ന 18.15 രൂപയ്ക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന 8.80 രൂപ കൂടി ഉളളതുകൊണ്ടാണ് ഈ വില ലഭിക്കുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക. കൂടാതെ ജില്ലാ സഹകരണ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീൺ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് വായ്പ പദ്ധതി പ്രകാരം വായ്പയായി നൽകുന്ന തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടക്കുന്ന രീതിയാണ് ഉള്ളത്. ഇതിനായി പി.ആർ. എസ് രസീതുകൾ കർഷകർക്ക് ലഭിക്കുന്ന പക്ഷം അതാത് ബാങ്കുകളിൽ സമർപ്പിക്കണം. ബാങ്കുകളിൽ രസീതി സമർപ്പിച്ച് രണ്ടാമത്തെ ദിവസം കർഷകരുടെ അക്കൗണ്ടിൽ മുഴുവൻ തുകയും വന്നു ചേരുന്നതോടെ സംഭരണം കൂടുതൽ സുതാര്യമാകും

Most Popular

Recent Comments