ലക്ഷദ്വീപില്‍ ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം

0

ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം.

അഡ്മിനിസ്‌ട്രേറ്റര്‍ക്കും കളക്ടര്‍ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഏത് രീതിയില്‍ നേരിടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നിങ്ങുകയാണെങ്കില്‍ പ്രതിഷേധത്തിന്റെ രീതിയും മറ്റൊരു തലത്തിലേക്ക് മാറും. നാളെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് വിവരം. അതെസമയം, ദ്വീപിലെ തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കാനാണ് നിര്‍ദ്ദേശം.

ഇതിനിടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനും കളക്ടര്‍ക്കുമെതിരെ കവരത്തി വില്ലേജ് പഞ്ചായത്ത് പ്രമേയം പാസാക്കി. ദ്വീപ് നിവാസികള്‍ക്കെതിരെ കള്ളപ്രചാരണം നടത്തി എന്നാണ് പ്രമേയത്തില്‍ പറയുന്നത്. ദ്വീപില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന് കളക്ടര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കവരത്തി വില്ലേജ് പഞ്ചായത്തിന്റെ പ്രമേയം.