ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും, സജി ചെറിയാനും പറഞ്ഞു. കടലാക്രമണം തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം ചെല്ലാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി കെട്ടുകയും സമീപത്തെ തോടുകള്‍ ഉടന്‍ ശുചീകരിക്കുകയും ചെയ്യും. 16 കോടി ചെലവഴിച്ചുള്ള ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി കെട്ടുന്നതിന്റെ നിര്‍മാണം വേഗം ആരംഭിക്കും. 8 കോടി ചെലവഴിച്ചുള്ള ജിയോട്യൂബ് നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി.