രാംദേവിനെതിരെ 1000 കോടിയുടെ മാന നഷ്ടക്കേസ്

0

ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശത്തില്‍ ബാബാ രാംദേവിനെ വിടാതെ ഐഎംഎ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ് 1000 കോടിയുടെ മാന നഷ്ട നോട്ടീസ് രാംദേവിന് അയച്ചു.

തന്റെ അലോപ്പതി വിരുദ്ധ പരാമര്‍ശം ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ വേണമെന്ന് നോട്ടീസില്‍ പറയുന്നു. 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ വ്യാപക വിമര്‍ശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പരാമര്‍ശം പിന്‍വലിക്കാനാവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് രാംദേവ് ട്വീറ്റും ചെയ്തു. എന്നാല്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ പരാതി നല്‍കി.