ഈ മാതൃകയാകാം ഇനി അമേരിക്കൻ പ്രസിഡണ്ട്

0

ഡോ. സന്തോഷ് മാത്യു എഴുതുന്നു

ഓപ്ര വിന്‍ഫ്രി എന്ന 68 കാരി 2025 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലെത്തിയാല്‍ ആശ്ചര്യപ്പെടാനില്ല. ആ നിലക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അങ്ങനെയായാല്‍ 46 ാമത് അമേരിക്കന്‍ പ്രസിഡണ്ടാവുന്നത് ആദ്യ വനിതാ പ്രസിഡണ്ട് മാത്രമല്ല, ആഫ്രോ -അമേരിക്കന്‍ വംശത്തില്‍ നിന്നുള്ള ആദ്യ വനിത കൂടിയാകും.

ഡൊണാള്‍ഡ് ട്രംപ് അടുത്ത തവണയും അങ്കത്തിനുണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ഓപ്ര വിന്‍ഫ്രിയെ ഭയമില്ലെന്നും പറയുന്നു. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഓപ്ര വന്നാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ വിയര്‍ക്കും എന്നാണ് ഇപ്പോഴത്തെ നില. കാര്യമായ വെല്ലുവിളികളൊന്നും അവരുടെ മുന്നിലില്ല.
75 ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ അതിൻ്റെ പരമോന്നത ബഹുമതി സ്വീകരിച്ച് ഓപ്ര നടത്തിയ വികാരനിര്‍ഭരമായ പ്രസംഗമാണ് അവരെ പ്രസിഡണ്ട് പദവിയിലേക്ക് നിര്‍ദേശിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

അമേരിക്കയിലെ പേരെടുത്ത മാധ്യമ സ്ഥാപന ഉടമ, സംവാദ പരിപാടിയുടെ ആതിഥേയ, നടി, നിര്‍മാതാവ് എന്നിവയ്ക്ക് പുറമെ സഹജീവികളോടുള്ള കാരുണ്യത്തിൻ്റേയും അനുകമ്പയുടേയും പേരിലും പ്രശസ്തയാണ് ഓപ്ര. കൂടാതെ ആഫ്രോ-അമേരിക്കന്‍ വര്‍ഗത്തിലെ ഏറ്റവും സമ്പന്ന കൂടിയാണിവര്‍.
1993ല്‍ മൈക്കിള്‍ ജാക്‌സനുമായി ഓപ്ര നടത്തിയ അഭിമുഖം വീക്ഷിച്ചത് ഒമ്പത് കോടി ജനങ്ങളായിരുന്നു. Oprah Winfrey Network (OWN) എന്ന മാധ്യമ ശൃംഖല സ്ഥാപിച്ച ഓപ്രയുടെ ബാല്യവും കൗമാരവും ഏറെ ദുരിതപൂര്‍ണമായിരുന്നു. കുപ്പത്തൊട്ടില്‍ നിന്ന് കൊട്ടാരത്തിലേക്ക് നീങ്ങിയ ഓപ്രയുടെ ജീവിത വിജയം കഠിനാധ്വാനത്തിൻ്റേയും ആരെയും അമ്പരപ്പിക്കുന്നതുമാണ്. സംവാദങ്ങളില്‍ തൻ്റെ ജീവിത കഥ വികാരനിര്‍ഭരമായി തുറന്നു പറഞ്ഞ് ആളുകളെ പ്രചോദിപ്പിക്കുന്ന ശൈലിയെ oprahficaion എന്നാണ് അറിയപ്പെടുന്നത്.

മിസിസ്സിപ്പിയിലെ അതീവ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഓപ്ര കുട്ടിക്കാലത്ത് ധരിച്ചിരുന്നത് ഉള്ളിചാക്കുകള്‍ തുന്നിയുണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു. ദാരിദ്ര്യത്തിൻ്റെ പടുകുഴിയില്‍ വെര്‍ണീറ്റാലി എന്ന് അവിവാഹിതക്ക് ജനിച്ച കുഞ്ഞ് 1962 മുതല്‍ അച്ഛന്‍ വെര്‍ണോര്‍ വിന്‍ഫ്രിയുടെ കൂടെയാണ് വളര്‍ന്നത്. ഒമ്പതാം വയസ്സുമുതല്‍ ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവര്‍ 14 ാം വയസ്സില്‍ ഗര്‍ഭം ധരിക്കുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ വൈകാതെ കുഞ്ഞ് മരിച്ചു.

പിതാവിൻ്റെ പ്രേരണയാല്‍ 17 ാമത്തെ വയസ്സില്‍ മിസിസ്സിപ്പിയിലെ സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തന വിദ്യാര്‍ഥി ആയതാണ് വഴിത്തിരിവായത്. പ്രാദേശിക റേഡിയോയില്‍ ജോലിക്ക് കയറിയ അവര്‍ വാക്ക് ടിവിയില്‍ അവതാരകയായി. 1986ല്‍ പ്രശസ്തമായ ഓപ്ര വിന്‍ഫ്രി ഷോ ആരംഭിച്ചതോടെ അവര്‍ പ്രശസ്തിയുടെ കൊടുമുടി കയറി.

ഇത്രയേറെ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും നേരിടേണ്ടി വന്ന അവര്‍ വനിതാ ശാക്തീകരണ ശ്രമങ്ങള്‍ക്കായി നിലകൊണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഗോള്‍ഡന്‍ ഗ്ലോബ് നിശയില്‍ പെണ്‍കുട്ടികളേ നിങ്ങള്‍ക്കായി പുതിയൊരു ചക്രവാളം കാത്തിരിപ്പുണ്ട് എന്ന പ്രചോദനമായ പ്രസംഗം നടത്തിയത്. പ്രശസ്തമായ ടൈം വാരിക 2017ലെ ഏറ്റവും സ്വാധീനം ചെലുത്തിയ പ്രതിഭാസമായി കണ്ടെത്തിയത് me too campaign എന്ന പീഡനം നേരിട്ട വനിതകളുടെ തുറന്നു പറച്ചിലുകളെയായിരുന്നു. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും എത്തി മലയാളത്തിൻ്റെ മോളിവുഡ് എന്ന സിനിമാ ലോകത്തും എത്തി. ഇവിടേയും പെണ്‍കുട്ടികളുടെ തുറന്നു പറച്ചിലുകള്‍ ഉണ്ടായി.

സമൂഹ മാധ്യമങ്ങളില്‍ oprah for president, oprah 2025 എന്നിങ്ങനെ പ്രചാരണ മുദ്രാവാക്യങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പ്രചരിപ്പിക്കുന്നത്. 1983ല്‍ wlc TV യില്‍ അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന എ എം ഷിക്കാഗോ എന്ന പരിപാടിയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രതിവാരത്തില്‍ നടത്തപ്പെടുകയും പിന്നീട് ഏറ്റവും പ്രിയപ്പെട്ട oprah winfrey show ആയി മാറിയത്.

1986 സെപ്തംബര്‍ 8 മുതല്‍ ows പ്രയാണമാരംഭിച്ചതോടെ പ്രശസ്തിയും കുതിച്ചു കയറി. പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കാന്‍ സ്ത്രീകള്‍ മടിച്ച കാലം അവസാനിച്ചു, ചക്രവാളത്തില്‍ പുതിയ സൂര്യന്‍ ഉദിച്ചു എന്ന് പ്രഖ്യാപിച്ച ഓപ്പറ തന്നെയാണ് അതുപറയാന്‍ മറ്റാരെക്കാളും നല്ല വ്യക്തിത്വം.

അവിവാഹിതയായ അമ്മക്ക് പിറന്ന പെണ്‍കുഞ്ഞ്, ഒമ്പതാം വയസ്സ് മുതല്‍ ലൈംഗിക പീഡനം ഏറ്റ ബാലിക, 13 ാം വയസ്സില്‍ വീട് വിട്ടോടി 14 ാം വയസ്സില്‍ പ്രസവിച്ച കൗമാരിക്കാരി.. 17 ാം വയസ്സില്‍ ടെന്നസി നഗരത്തിലെ കറുത്തവര്‍ക്കിടയിലെ സൗന്ദര്യ റാണി.. ചരിത്രമാണ് ഈ ജീവിതം. ഇനി അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ എത്തിച്ചേര്‍ന്നാല്‍ കാലഘട്ടത്തോടുള്ള ഏറ്റവും വലിയ നീതിയായിരിക്കും ഇത്.

1986 മുതല്‍ 2011 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട oprah winfrey show അവരെ കൊണ്ടു ചെന്നെത്തിച്ചത് എല്ലാ മാധ്യമങ്ങളുടേയും രാജ്ഞി എന്ന പദവിയിലേക്കാണ്. അമേരിക്കയിലെ ഏറ്റവും സമ്പന്നയായ ആഫ്രോ-അമേരിക്കന്‍, ആദ്യ ശത കോടീശ്വരിയായ കറുത്ത വംശജ, ഏറ്റവും വലിയ ദാനധര്‍മി .. വിശേഷങ്ങള്‍ ഏറെയാണ് ഓപ്രിക്ക്. 1986 മുതല്‍ സ്റ്റെഡ്മാന്‍ ഗ്രഹാം എന്ന പങ്കാളിയോടൊപ്പമാണ് ജീവിതം.

ടിവി പരിപാടിയിലെ തുറന്നു പറച്ചിലുകള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഓപ്ര അതൊരു ചികിത്സാമാര്‍ഗമായി പോലും വ്യാഖ്യാനിച്ചിരുന്നു. മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന വിഷമതകള്‍ ദശലക്ഷക്കണക്കിന് ആരാധകരുടെ മുന്നിലേക്ക് വലിച്ചിട്ട് മനസ്സിന് ആശ്വാസം നല്‍കാന്‍ ഓപ്രയുടെ അതിഥികളും തയ്യാറായി. ഇതാണ് പിന്നീട് wall street journal എന്ന ദിനപത്രം oprahfication എന്ന ചെല്ലപ്പേരിട്ട് വിളിച്ചത്.
ഇതുകൊണ്ടൊക്കെ തന്നെയാണ് ലോകത്തെ ഏറ്റവും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വനിതകളുടെ പട്ടികയില്‍ മൂന്ന് പതീറ്റാണ്ടുകളായി ഓപ്രയും ഇടംപിടിച്ചിരിക്കുന്നതും.

ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ മതവിശ്വാസത്തില്‍ വളര്‍ന്ന ഓപ്ര പറയുന്നത് ശ്രദ്ദേയമാണ്. എൻ്റെ പള്ളി എന്നില്‍ തന്നെയാണ് എൻ്റെ ദൈവം എൻ്റെ മനസ്സും ..അത് എന്നെ നയിക്കുകയും ചെയ്യുന്നു. വല്ല്യമ്മയുടെ തണലില്‍ ബാല്യം കഴിച്ച ഓപ്രയുടെ ജീവിത നാള്‍ വഴി ആരെയും പ്രചോദിപ്പിക്കുന്നതാണ്. വല്ല്യമ്മയുടെ ജീവിതാഭിലാഷം ഓപ്രയെ നല്ലൊരു വീട്ടുവേലക്കാരിയായി മാറ്റിയെടുക്കുക എന്നതായിരുന്നു എങ്കില്‍ ഓപ്രക്ക് വിധിച്ചത് അമേരിക്കന്‍ ജനതയെ മൊത്തത്തില്‍ സേവിക്കാനാകുമോ എന്നത് കാലം തെളിയിക്കും.

ഡോ. സന്തോഷ് മാത്യു, അസി. പ്രൊഫസർ

സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി