ലക്ഷദ്വീപിൻ്റെ പേരിൽ ടൂൾ കിറ്റ് ഉണ്ടാക്കി ചിലർ ഒരേതരത്തിൽ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കോൺഗ്രസ്, സിപിഎം, മുസ്ലിംലീഗ് പാർട്ടികളും ചില ഇസ്ലാമിക സംഘടനകളും വ്യാപക കള്ളപ്രചരണം നടത്തുകയാണെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് ദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. ലക്ഷദ്വീപും ബേപ്പൂരുമായുള്ള ബന്ധം തകർത്ത് മംഗലാപുരത്തെ ബേപ്പൂരിന് പകരമാക്കുകയാണെന്ന ആരോപണം അവിടുത്തെ എം പി തന്നെ നിഷേധിച്ചു. ബേപ്പൂർ തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനം ഏർപ്പെടുത്തണമെന്ന് ലക്ഷദ്വീപ് ട്രാൻസ്പോർട്ട് കമ്മിറ്റി നിരവധി വർഷങ്ങളായി ആവശ്യപ്പെടുകയാണ്. ഉമ്മൻചാണ്ടി സർക്കാരിനോടും കഴിഞ്ഞ പിണറായി സർക്കാരിനോടും അവർ ഇക്കാര്യം ആവശ്യപ്പെട്ടു.
എന്നാൽ ലക്ഷദ്വീപ് ജനതയുടെ ആവശ്യത്തോട് അവരുടെ അഡ്മിനിസ്ട്രേഷൻ എടുത്ത തീരുമാനത്തോട് ഇതുവരെ കേരളം നടപടി സ്വീകരിച്ചില്ല. ലക്ഷദ്വീപ് തന്നെ പണം മുടക്കി ചെയ്യാൻ തയ്യാറാണെന്നും നിർമാണ പ്രവർത്തനങ്ങൾ മാത്രം നടത്തിതന്നാൽ മതിയെന്നും വരെ അവർ പറഞ്ഞിട്ടും സർക്കാർ പ്രതികരിച്ചില്ല.
80,000 പേരുള്ള ലക്ഷദ്വീപിൽ നിലവിലെ ഡയറിഫാമിൽ നിന്നും ദിവസേന ലഭിക്കുന്നത് പരമാവധി 100 ലിറ്റർ പാലാണ്. അത് ലഭിക്കുന്നത് ചിലർക്ക് മാത്രവും. ഒരു ലിറ്റർ പാലിനായി സർക്കാരിന് ചെലവ് വരുന്നത് 800 രൂപയിലധികം. ഈ പാഴ്ചെലവും ദൗർലഭ്യവും അവസാനിപ്പിക്കാൻ പുതിയതായി വന്ന അഡ്മിനിസ്ട്രേറ്റർ ഒരു നിർദ്ദേശം വച്ചു. എല്ലാവർക്കും പാൽ ലഭിക്കാൻ അമുൽ കമ്പനിയുടെ കവർ പാൽ, കപ്പൽ മാർഗ്ഗം കൊണ്ടുവന്ന് ലക്ഷദ്വീപിലെ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുക. ലോകോത്തര നിലവാരമുള്ള അമുൽ നരേന്ദ്രമോദിയുടെ കമ്പനിയല്ല എന്ന് വിമർശകർ മനസിലാക്കണം. ഗുജറാത്തികളുടെ കമ്പനിയായതു കൊണ്ട് മാത്രം അമുലിനെ ഒഴിവാക്കണമെന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല.
മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുളള സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ലക്ഷദ്വീപിൻ്റെ സുരക്ഷയ്ക്കായി ചില നടപടിക്രമങ്ങൾ അഡ്മിനിസ്ട്രേറ്റർ എടുത്തത്. മുമ്പ് മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാൻസി എന്ന ബോട്ടിൽ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ചില വിദേശ കപ്പലുകൾ ദുരൂഹസാഹചര്യത്തിൽ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഇത്രയും പിടിച്ചതു കൊണ്ടാണോയെന്ന് അറിയില്ല, മയക്കുമരുന്നുമായി ബന്ധമുളള ചില ലോബികൾ വലിയ ആവേശത്തോടെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അനാർക്കലി ചിത്രത്തിൻ്റെ ഷൂട്ടിംഗ് സമയത്ത് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും അവിടുത്തെ പ്രാദേശിക ഇമാമും സിനിമ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നൽകിയത് മറക്കരുത്. 2019 മെയിൽ ഐഎസ്ഐഎസ് തീവ്രവാദികളുമായി ബോട്ട് ശ്രീലങ്കയിൽ നിന്ന് ദ്വീപിലേക്ക് വരുന്നത് എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഈ അഡ്മിനിസ്ട്രേറ്റർ ആയിരുന്നില്ല ഭരണത്തിൽ. ഒരു മുസ്ലീം സമുദായത്തിലുളള അഡ്മിനിസ്ട്രേറ്ററാണ് നടപടി സ്വീകരിച്ചത്. കേരള തീരത്തും ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിണറായി സർക്കാരും ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പളളിയിൽ ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടത്തിയ അതേ ഭീകരർ കേരളം ഉൾപ്പെടെ സന്ദർശിച്ചത് ശ്രീലങ്കൻ സൈനിക മേധാവി വെളിപ്പെടുത്തിയതാണ്.
ദ്വീപിൽ കൊറോണ കൂടാൻ കാരണം അഡ്മിനിസ്ട്രേറ്ററുടെ നയമാണെന്നാണ് പ്രചാരണം. എന്നാൽ ഇതല്ലെന്ന് കളക്ടർ തന്നെ പറഞ്ഞത് എല്ലാ മാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരവും ഇക്കണോമിക് ആക്ടിവിറ്റിയുമാണ് ഇതിന് കാരണമെന്നാണ് കളക്ടർ പറഞ്ഞത്.
ബീഫ് നിരോധിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതും പച്ചക്കള്ളമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നാണ് മാംസം മാറ്റി നിർത്തിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തിൽ മാംസം വിളമ്പുന്നില്ല. അതു തന്നെയാണ് ഇവിടെയും നടന്നത്. അത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ്. ലക്ഷദ്വീപിനെ കശ്മീരാക്കുന്നുവെന്നാണ് കെസി വേണുഗോപാൽ പറയുന്നത്. കശ്മീരിൽ ഇപ്പോൾ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു സമാധാനവും സന്തോഷവുമാണ്. അവിടത്തെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ക്രിസ്മസ് ഉൾപ്പെടെയുളള ആഘോഷങ്ങൾ പോലും അവിടെ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു