സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. ഹിന്ദുക്കള്‍ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കരുതെന്നാണ് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ബിജെപിയും അസമില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പശു തങ്ങളുടെ അമ്മയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് കന്നുകാലികള്‍ വരുന്നത് തടയുക എന്നതാണ് തങ്ങളുടെ ആവശ്യം. പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കരുത്. മൊത്തമായും ജനം അവരുടെ സ്വാഭാവിക ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. ഫാന്‍സി ബസാറിലോ സാന്തിപൂരിലോ ഗാന്ധിബാസ്തിയിലോ ഹോട്ടല്‍ മദീന ഉണ്ടായിരിക്കേണ്ട ആവശ്യമില്ലെന്നും ശര്‍മ്മ പറഞ്ഞു.
പശു തങ്ങള്‍ക്ക് മതപരമായി പ്രാധാന്യമാണെന്നും അതിനാല്‍ അവയെ കശാപ്പ് ചെയ്യരുതെന്നും നഗര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പരസ്യമായി ഗോമാംസം വില്‍ക്കരുതെന്നുമാണ് ബിജെപി എംഎല്‍എ ആയ മൃണാള്‍ സൈക്യ പ്രതകിരച്ചത്. ഈ കാര്യങ്ങളെല്ലാം ബില്ലില്‍ പ്രതിപാദിച്ചിട്ടുമുണ്ട്.
എന്നാല്‍ വിഷയത്തില്‍ പ്രതിഷേധവുമായി എഐയുഡിഎഫ് രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആള്‍ക്കൂട്ടക്കൊലക്ക് വഴിതുറക്കുന്നതാണ് ബില്ലെന്ന് എഐയുഡിഎഫ് കുറ്റപ്പെടുത്തി.