കെപിസിസി അധ്യക്ഷന്റെ പേരുകള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിക്കില്ല

0

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പേരുകള്‍ നിര്‍ദ്ദേശിച്ചേക്കില്ല. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അതിനിടെ കെപിസിസി പുനഃസംഘടന വേഗത്തിലാക്കാനായി അശോക് ചവാന് സമിതി ഓണ്‍ലൈനായി നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി.

തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കുന്ന അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ടിന് ശേഷം പുനഃസംഘടനയെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡും. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരില്‍ നിന്നും സമിതി ഓണ്‍ലൈന്‍ മുഖേന വിവര ശേഖരണം തുടങ്ങി. എംപിമാരില്‍ നിന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളില്‍ നിന്നും അടുത്ത ദിവസം അഭിപ്രായം തേടും.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നേ സമിതി അംഗങ്ങള്‍ കേരളത്തിലെത്താനും സാധ്യതയുണ്ട്. എന്നാല്‍ പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടന്നെ നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും. ഐഗ്രൂപ്പില്‍ ഏകോപിത അഭിപ്രായമില്ലെങ്കിലും രമേശ് ചെന്നിത്തലയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയില്‍ ഗ്രൂപ്പുകള്‍ അസ്വസ്ഥരാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലേക്കെത്തിയതും. നിലവിലെ അവസ്ഥയില്‍ താന്‍ പാര്‍ട്ടിയെ നയിക്കുന്നത് ഉചിതമല്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. അതിനാല്‍ യുക്തിസഹജമായ തീരുമാനം വേഗത്തില്‍ എടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു.