നഴ്‌സിംഗ് റിക്രൂട്ട്‌മെൻ്റ് കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0

നഴ്‌സിംഗ് റിക്രൂട്ടമെൻ്റ് കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദുബായില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടിച്ചത്. തട്ടിപ്പിനിരയായി ദുബായിലെത്തിയവരുടെ ദുരവസ്ഥ നേരത്തെ വാര്‍ത്തയായിരുന്നു.

കലൂര്‍ ടേക്ക് ഓഫ് എന്ന പേരില്‍ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരുന്ന നെട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍, ചേര്‍ത്തല കൊമ്പനമുറി സ്വദേശി സത്താര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെയാണ് തട്ടിപ്പ് നടത്തി ഇവര്‍ ദുബായിലേക്ക് അയച്ചത്. ഒരാളില്‍ നിന്ന് 2.5 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റി യാണ് തട്ടിപ്പ് നടത്തിയത്.

റിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ വേറെ പല ഏജന്‍സികളിലൂടെയാണ് ഇവര്‍ക്ക് ജോലി ശരിയാക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ വാഹന കച്ചവടക്കാരായ ഇവര്‍ കിട്ടയ പണം മുഴുവന്‍ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങാനായി ചെലവാക്കി. ദുബായില്‍ ഉള്ള ഏജൻ്റുമാര്‍ക്ക് പണം കിട്ടാതിരുന്നതോടെ പലരും പിന്‍വലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കാന്‍ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലാകുകയായിരുന്നു.

പണം നഷ്ടപ്പെട്ടവര്‍ മുമ്പ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ പ്രതികള്‍ മുങ്ങുകയായിരുന്നു. ഇവര്‍ കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലാകുന്നത്.