ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം

0

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകരടക്കം രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തയച്ചു.

അധികാരമേറ്റ് 5 മാസം പിന്നിടുമ്പോള്‍ കടലും കടന്നുള്ള പ്രതിഷേധമാണ് പ്രഫുല്‍ പട്ടേലിനെതിരെ ഉയരുന്നത്. ഡിസംബറിലാണ് അദ്ദേഹം ദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റത്. പിന്നാലെ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങളാണ് സ്വസ്ഥതയും സമാധാനവും നിലനിന്നിരുന്ന ദ്വീപില്‍ വന്‍ പ്രക്ഷോഭത്തിന് വഴിതെളിച്ചത്.

ഒരു വര്‍ഷത്തോളം കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിന് പിന്നാലെ യാത്രക്കാര്‍ക്കുള്ള ക്വാറൻ്റീനും കൊവിഡ് മാനദണ്ഡങ്ങളും എടുത്തു കളഞ്ഞിരുന്നു. ഇതോടെ കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ അതിതീവ്രമുഖമാണ് ലക്ഷദ്വീപുകാര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

തീരസംരക്ഷണ നിയമത്തിൻ്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ച് നീക്കിയ ലക്ഷദ്വീപ് ഭരണകൂടം സര്‍ക്കാര്‍ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. കുറ്റകൃത്യങ്ങൾ നടക്കാത്ത, രാത്രികാലങ്ങളില്‍ പോലും വീടുകളില്‍ വാതില്‍ തുറന്നിട്ട് ആളുകളുറങ്ങുന്ന ദ്വീപില്‍ ഗുണ്ട ആക്ടും പുതിയ അഡഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയിട്ടുണ്ട്.

അംഗണവാടികള്‍ അടച്ചുപൂട്ടിയ അഡ്മിനിസ്‌ട്രേറ്റര്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന ലക്ഷദ്വീപില്‍ മദ്യശാലകള്‍ തുറന്നുവെന്നും ആരോപണമുയരുന്നു. ഗോമാംസ നിരോധനം ലക്ഷദ്വീപില്‍ നടപ്പാക്കാനും ശ്രമമുള്ളതായി ആരോണമുണ്ട്. കൊറോണ വിപ്ലവം വീട്ടുപടിക്കല്‍ എന്ന പേരില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്യാമ്പെയന്‍ ആരംഭിച്ചതോടെ കേരളത്തിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ എല്ലാം ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്.

ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിച്ചുകൊണ്ടുള്ള നടപടികളാണ് അഡ്മിനിസ്‌ട്രേഷന്‍ ചെയ്യുന്നതെന്നും ഇത്തരം നടപടികള്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് എളമരം കരീം എംപിയും നിയുക്ത എംപി അബ്ദുള്‍ സമദ് സമദാനിയും രംഗത്തെത്തി. ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. പ്രതിരോധ തന്ത്രജ്ഞന്‍ കൂടിയായിരുന്ന ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് പ്രഫൂൽ പട്ടേൽ നിയമിതനാകുന്നത്.