രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ല്‍ അധികം കുട്ടികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 19 വയസില്‍ താഴെയുള്ള 315 കുട്ടികള്‍ക്കാണ് ദുംഗര്ഡപൂര്‍ ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് 12 മുതലുള്ള കണക്കുകള്‍ പ്രകാരമാണ് ജില്ലയില്‍ ഇത്രയധികം കുട്ടികള്‍ക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചത്.
9 വയസ് വരെയുള്ള 60 കുട്ടികള്‍ക്കും 9-19 വരെ പ്രായമുള്ള 255 കുട്ടികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യത്തിന് വാര്‍ഡുകളും ഓക്‌സിജനും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ മാത്രം രാജസ്ഥാനില്‍ 6103 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 115 പേര്‍ മരിക്കുകയും ചെയ്തു. ആകെ മരണം 7,590 ആയി. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,09,521 ആയി.
ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുക കുട്ടികളെയാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചാലും വലിയ ആഘാതം ഉണ്ടാകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. താരതമ്യേന രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. എന്നാലും കുട്ടികളുടെ കൊവിഡ് ചികിത്സക്കായി ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.