പതിനൊന്ന് ദിവസം കൊണ്ട് ഇസ്രയേല്‍ ഗാസയില്‍ ഉണ്ടാക്കിയത് എണ്ണിയാലൊടുങ്ങാത്ത നാശനഷ്ടങ്ങള്‍. വെടിനിര്‍ത്തലോടെ ഗാസക്കാരുടെ ദുരിതത്തിന് താല്ക്കാലിക ശമനമായെങ്കിലും ആക്രമണം വരുത്തിവെച്ച നാശനഷ്ടങ്ങളില്‍ നിന്ന് ഗാസക്ക് എളുപ്പം കരകയറാനാകില്ല. 66 കുട്ടികളും 36 സ്ത്രീകളുമടക്കം 243 പേരുടെ മരണത്തിനാണ് ഗാസ സാക്ഷ്യം വഹിച്ചത്. ഗാസ ആശ്രയിച്ചിരുന്ന ആരോഗ്യകേന്ദ്രങ്ങള്‍, കുടിവെള്ള, വൈദ്യുതി വിതരണ മാര്‍ഗങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് പേര്‍ തിങ്ങി വസിച്ചിരുന്ന വീടുകള്‍, ഫ്‌ലാറ്റുകളെല്ലാം അവശിഷ്ടങ്ങളായി മാറി.
ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത് 50 വിദ്യാലയങ്ങളാണെന്നതിലാണ്. ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളാണ് പൊലിഞ്ഞത്. 41,897 കുട്ടികളെയാണ് ഇത്് ബാധിച്ചിരിക്കുന്നതെന്ന് കുട്ടികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന അന്താരാഷ്ട്ര എന്‍ജിഒയായ സേവ് ദ ചില്‍ഡ്രന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടൊപ്പം 50,000 ത്തോളം പേര്‍ക്കാണ് ഇസ്രയേല്‍ ആക്രമണത്തില്‍ അവരുടെ ഭവനങ്ങള്‍ നഷ്ടമായത്. ബാക്കിയുള്ള സ്‌കൂളുകളില്‍ താല്‍ക്കാലികമായി ആരംഭിച്ച പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നതെന്ന് യുഎന്‍ അഭയാര്‍ത്ഥി സമിതി അറിയിച്ചു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സ്‌കൂളുകളിലും അധ്യയനം നിര്‍ത്തിവെച്ചു.