നാളെ മുതല്‍ ക്ഷീരകര്‍ഷകരില്‍ നിന്നും മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചു. മുഖ്യമന്ത്രി, ക്ഷീരവികസന വകുപ്പ് മന്ത്രി എന്നിവരുമായി മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചിയിലാണ് തീരുമാനമായത്. മലപ്പുറം ജില്ലയിലൊഴികെ പാല്‍ വില്പനയില്‍ പുരോഗതിയാണെന്ന് മില്‍മ മലബാര്‍ യൂണിയന്‍ വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ കൂടുതല്‍ പാല്‍ വാങ്ങും. പ്രതിദിനം രണ്ട് ലക്ഷം പാല്‍ പാല്‍പൊടിയാക്കുമെന്നും മില്‍മ മലബാര്‍ യൂണിയന്‍ പറഞ്ഞു.
ലോക്ക്ഡൗണില്‍ പാല്‍ വില്‍പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഉച്ചക്ക് ശേഷമുള്ള പാല്‍ ഏറ്റെടുക്കുന്നില്ലെന്ന അറിയിപ്പുമായി മില്‍മ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇതോടെ 80 ശതമാനം പാല്‍ സംഭരിക്കാന്‍ മില്‍മ നടപടിയുമെടുത്തു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ് പാല്‍ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് മില്‍മ തങ്ങളുടെ നിലപാട് മാറ്റിയത്.