മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ജില്ലയില്‍ കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 ശതമാനമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ എഡിജിപിയുടേയും ഉത്തരമേഖലാ ഐജി അശോക് യാദവിന്റെയും നേരിട്ടുള്ള മേല്‌നോട്ടത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്.
ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിന്‍രെ കൂടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും മലപ്പുറത്ത് കുറവ് സംഭവിച്ചിട്ടില്ല. അതെസമയം ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ആദ്യമായി ഇന്നലെ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പതില്‍ താഴെയെത്തി. 28.7 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കുകയുള്ളൂ.