കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി ചെയ്ത് പൂര്‍ത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍ വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പതിവായി കാലവര്‍ഷത്തില്‍ പൊട്ടിപ്പൊളിയുന്ന റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങള്‍
-തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി
-ആലപ്പുഴ കൃഷ്ണപുരം-ഹരിപ്പാട് ദേശീയപാത 66ലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും
-പാലക്കാട്- മണ്ണാര്‍ക്കാട് ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കല്‍
-മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുളള കടലുണ്ടിക്കടവ് പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സത്വര നടപടി സ്വീകരിക്കല്‍
-താമരശേരി അടിവാരം റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ത്വരിതപ്പെടുത്തല്‍
-വയനാട്-മണ്ണാര്‍ക്കാട് ദേശീയപാതയുടെ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കല്‍
-തലശേരി പൂക്കോം- മാടപ്പീടിക റോഡിന്റെ പുനരുദ്ധാര പ്രവൃത്തി ഏറ്റെടുക്കല്‍