ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസിക്കാം; അധിക പാല്‍ സര്‍ക്കാരെടുക്കും

0

മില്‍മ സംഭരിക്കാത്തതിനാല്‍ സംഘങ്ങളില്‍ അധികം വരുന്ന പാല്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പാല്‍ സംഭരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനാവാശ്യമായ പണം വിനിയോഗിക്കും.

ആദിവാസി കോളനികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലും പാല്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്്. കളക്ടര്‍മാര്‍ ചെയര്‍മാന്‍മാരായ ദുരന്തനിവാരണ സമിതികള്‍ക്കാണ് പാല്‍ വില്‍ക്കാനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.

ലോക്ക്ഡൗണില്‍ പാല്‍ വില്‍പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഉച്ചക്ക് ശേഷമുള്ള പാല്‍ ഏറ്റെടുക്കുന്നില്ലെന്ന അറിയിപ്പുമായി മില്‍മ രംഗത്തെത്തിയത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇതോടെ 80 ശതമാനം പാല്‍ സംഭരിക്കാന്‍ മില്‍മ നടപടിയുമെടുത്തു. പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാല്‍ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.