വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി

0

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ മറുപടിയുമായി മുസ്ലിം ലീഗ് നോതവും നിയുക്ത എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനകരമാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞ് വകുപ്പ് തിരിച്ചെടുക്കുന്നത് സമുദായത്തെ അപമാനിക്കലാണ്. ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ലെന്ന നിലപാട് ശരിയായ കാര്യമല്ല. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷക്ഷേമ വകുപ്പ് താന്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സഭകളുടെ എതിര്‍പ്പ് കണക്കിലെടുത്തല്ല വകുപ്പ് താന്‍ ഏറ്റെടുത്തത്. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന്, തീരുമാനത്തോടുള്ള മുസ്ലിം ലീഗ് വിമര്‍ശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരേ നീതി ലഭിക്കുന്നില്ലെന്ന കഴിഞ്ഞകാല ആക്ഷേങ്ങളുടെ സാഹചര്യത്തിലാണ് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത്. എല്‍ഡിഎഫ് വന്നാലും യുഡിഎഫ് വന്നാലും നീതി ലഭിക്കുന്നില്ലെന്ന് ക്രൈസ്തവ സഭകള്‍ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ഒരു മത വിഭാഗത്തിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം മാത്രമായി വകുപ്പിന്റെ പ്രവര്‍ത്തനം ചുരുങ്ങിയെന്നായിരുന്നു വിമര്‍ശനം. വകുപ്പ് ഏറ്റെടുക്കാനുള്ള തീരുമാനത്തെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു.