കേരളത്തില്‍ ഫയര്‍ സേഫ്റ്റി ആന്‍ഡ് സര്‍ട്ടിഫിക്കറ്റില്ലാതെ 220 ആശുപത്രികള്‍

0

കേരളത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികള്‍. ഫയര്‍ സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത് മാത്രം 65 ആശുപത്രികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ആശുപത്രികളാണ് നിയമലംഘനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ ജില്ലകളിലെ മിക്ക ആശുപത്രികളിലും തീപിടുത്തമുണ്ടായാല്‍ രോഗികളെ ഒഴിപ്പിക്കാനുള്ള സംവിധാനങ്ങളില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വിവിധ ആശുപത്രികളില്‍ പരിശോധന നടത്തിയത്. ഇതില്‍ നിന്നുമാണ് മിക്ക ആശുപത്രികളിലും സംവിധാനമില്ലെന്ന് കണ്ടെത്തിയത്. തലസ്ഥാനച്ച് മാത്രം 65 ആശുപത്രികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 37 ആശുപത്രികള്‍ക്ക് ഫയര്‍ സേഫ്റ്റി എന്‍ഒസി ഇല്ല. തൃശൂര്‍ ജില്ലയില്‍ 27 ആശുപത്രികളിലും കൊല്ലത്ത് 25 ഇടത്തും ഈ സംവിധാനമില്ലെന്നാണ് പരിശോധനയില്‍ നിന്നും കണ്ടെത്തിയത്.

ചില മെഡിക്കല്‍ കോളേജുകളിലും കാലപ്പഴക്കമുള്ള ആശുപത്രികളിലും നിയമലംഘനം നടന്നിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.