കൊവിഡ് രണ്ടാം തരംഗം ജൂലൈ വരെ; മൂന്നാം തരംഗത്തിനും സാധ്യത

0

രാജ്യത്തെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തിൻ്റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ ശാസ്ത്രജ്ഞന്‍മാര്‍ അടങ്ങിയ സമിതിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ മഹിന്ദ്ര അഗര്‍വാളിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പഠനം.

മെയ് അവസാനമാകുമ്പോള്‍ പ്രതിദിന രോഗികള്‍ ഒന്നരലക്ഷമാകും. ജൂലൈ മാസമാകുമ്പോഴേക്കും പ്രതിദിന രോഗികള്‍ 20000 ആകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര. ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരള, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങള്‍ കൂടാതെ ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലും രോഗബാധ കൂടാനുള്ള സാധ്യതയുണ്ട്.

തമിഴ്‌നാട്ടില്‍ മെയ് 29 മുതല്‍ 31 വരെയും പുതുച്ചേരിയില്‍ മെയ് 19,20 ദിവസങ്ങളിലും കൊവിഡ് രോഗികള്‍ വര്‍ധിക്കും. അസമില്‍ മെയ് 20, 21നും മേഘാലയയില്‍ മെയ് 30നും ത്രിപുരയില്‍ മെയ് 16 മുതല്‍ 27 വരെയും രോഗം വ്യാപന തീവ്രത കൂടാന്‍ സാധ്യതയുണ്ട്. ഹിമാചല്‍ പ്രദേശില്‍ മെയ് 24നും പഞ്ചാബില്‍ മെയ് 22നും രോഗബാധിതര്‍ കൂടും.

അതെസമയം, കൊവിഡിൻ്റെ മൂന്നാം ഘട്ടം ആറോ എട്ടോ മാസത്തിനുള്ളില്‍ തന്നെ ഉണ്ടായേക്കും. എന്നാല്‍ വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. 2021 ഒക്ടോബര്‍ വരെ കൊവിഡിൻ്റെ മൂന്നാം ഘട്ടത്തെ പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രൊഫസര്‍ അഗര്‍വാള്‍ പറയുന്നു. കൊവിഡിൻ്റെ രണ്ടാം തരംഗം എങ്ങനെ രാജ്യത്തെ ബാധിക്കുമെന്നത് പ്രവചനാതീതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.