HomeKeralaസത്യപ്രതിജ്ഞക്കെതിരായ ഹര്‍ജിയില്‍ വിശദീകരണം നല്‍കി സര്‍ക്കാര്‍

സത്യപ്രതിജ്ഞക്കെതിരായ ഹര്‍ജിയില്‍ വിശദീകരണം നല്‍കി സര്‍ക്കാര്‍

സത്യപ്രതിജ്ഞക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി. 400 പേരില്‍ താഴെ മാത്രമാണ് ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍, ന്യായാധിപന്‍മാര്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അതുകൊണ്ട് തന്നെ 400ല്‍ താഴെ പേരെമാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ഒഴിച്ച് കൂടാന്‍ ആകാത്തവരെ മാത്രം വിളിച്ചുവെന്ന വാദം ശരിയല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കിയവരെ വരെ വിളിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ കെജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറട്ടറിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Most Popular

Recent Comments