പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് മുഖ്യപ്രതി ആയേക്കും. ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണസംഘം തേടി. ഒരാഴ്ചക്കുള്ളിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.
മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതെന്നും അന്വേഷണ സംഘം പറയുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദം ഉണ്ടാകുമെന്നതിനാൽ ഉന്നത ഉദ്യോഗസ്ഥന്മാരുടെ അനുമതി തേടിയ ശേഷം മാത്രമേ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിയാക്കുകയുളളൂ.
ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിൽ വിജിലൻസ് തെളിവ് നിരത്തിയപ്പോൾ ഉത്തരം നൽകാൻ വി.കെ ഇബ്രാഹിം കുഞ്ഞിന് ഇന്നലെ സാധിച്ചിരുന്നില്ല. അഭിഭാഷകനെ കണ്ട ശേഷമാണ് വി.കെ ഇബ്രാഹിം കുഞ്ഞ് മൊഴി നൽകിയതെന്നാണ് വിജിലൻസിൻറെ വിലയിരുത്തൽ. തെളിവുകൾ അനുസരിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിൻറെ പങ്ക് വ്യക്തമായതായി അന്വേഷണ സംഘം വിലയിരുത്തുന്നു.
നിയമസഭാ സമ്മേളനത്തിന് മുൻപ് തന്നെ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘം തീരുമാനിക്കുന്നത്. വിജിലൻസ് മേധാവി എഡിജിപി അനിൽകാന്ത് അനുമതി നൽകുകയാണെങ്കിൽ അടുത്ത ആഴ്ച തന്നെ വി.കെ ഇബ്രാഹിം കുഞ്ഞ്, കേസിൽ പ്രതിചേർക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.