ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാകൗണ്‍സില്‍ യോഗം പരാജയം. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസും ഇസ്രായേലും നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഓണ്‍ലൈനായാണ് യുഎന്‍ യോഗം ചേര്‍ന്നത്.
പരസ്പരം കുറ്റപ്പെടുത്താനാണ് ഹമാസും ഇസ്രായേലും യോഗത്തില്‍ ശ്രമിച്ചത്. ഇതോടെ സംഘര്‍ഷം അവസാനിക്കാന്‍ സമയം എടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കുഞ്ഞുങ്ങളെ കവചമാക്കിയാണ് ഹമാസിന്റെ യുദ്ധം. ഗാസയിലെ 12 നില കെട്ടിടത്തില്‍ ഹമാസിന്റെ ആയുധ ശേഖരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് തകര്‍ത്തന്നെു നെതന്യാഹു പറഞ്ഞു..
തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചാലേ വെടിനിര്‍ത്തല്‍ ഉണ്ടാകൂ എന്നാണ് ഇസ്രായേല്‍ നിലപാട്. തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്‍ വാദിച്ചു. ഒരാഴ്ചക്കിടെ 3100 റോക്കറ്റുകളാണ് ഗാസയില്‍ നിന്ന് എത്തിയതെന്നും എര്‍ദന്‍ പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്ന നിലപാടിലായിരുന്നു അമേരിക്ക. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന നിലപാടിനെ പിന്തുണക്കുകയാണ് അമേരിക്കയെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലികി പറഞ്ഞു. പലസ്തീനികളെ വേരോടെ ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ട സംഭവം ഇന്ത്യ രക്ഷാസമിതി യോഗത്തില്‍ ഉന്നയിച്ചു. ഇരുപക്ഷവും ആക്രമണം നിര്‍ത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.