HomeIndiaടൗട്ടെ: ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ടൗട്ടെ: ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 13 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് ഉച്ചക്ക് 2.30 ന് 13.5° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 250 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 620 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 850 കിമീയും പാക്കിസ്ഥനില കറാച്ചിയിൽ നിന്നും 960 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

അടുത്ത 3 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിൻ്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

കേരള തീരത്ത് ചുഴലിക്കാറ്റിൻ്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റിൻ്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്

Most Popular

Recent Comments