HomeKeralaശ്രീനിവാസനെ വേട്ടയാടുന്നത് കേന്ദ്രത്തിൻ്റെ പാളിച്ചകൾ മറച്ചു വയ്ക്കാൻ :രമേശ്‌ ചെന്നിത്തല

ശ്രീനിവാസനെ വേട്ടയാടുന്നത് കേന്ദ്രത്തിൻ്റെ പാളിച്ചകൾ മറച്ചു വയ്ക്കാൻ :രമേശ്‌ ചെന്നിത്തല

കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് പിന്തുണയുമായി രമേശ്‌ ചെന്നിത്തല. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിൻ്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്. അദ്ദേഹം നേതൃത്വം നൽകുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ 108 രൂപ സംഭാവന ചെയ്തുകൊണ്ട് ‘ഞങ്ങളാണ് സോഴ്സ്’ കാമ്പയിൻ വിജയിപ്പിക്കണമെന്നും രമേശ്‌ ചെന്നിത്തല ആഹ്വാനം നൽകി.

കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിൻ്റെ എല്ലാ സേവനപ്രവർത്തനങ്ങളും സുതാര്യമാണ്. പ്രാണവായു കിട്ടാതെ പിടയുന്ന രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകുന്ന ശ്രീനിവാസിൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നു എഴുതിയിരുന്നു.

സ്വന്തം നാടിന് ആവശ്യമായ വാക്സിൻ നൽകാതെ വിദേശ രാജ്യങ്ങൾക്കായി കയറ്റുമതി ചെയ്ത മോദി സർക്കാരിൻ്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു. ആന്റിവൈറൽ മരുന്ന് അനധികൃതമായി സൂക്ഷിച്ച ബിജെപി എംപിമാർക്കെതിരെ നടപടി എടുക്കുന്നില്ല. എന്നിട്ടാണ് സുതാര്യമായ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തിരിഞ്ഞിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

Most Popular

Recent Comments