പെരു്നാൾ ദിനത്തിലും ശമനമില്ലാതെ പാലസ്തീൻ-ഇസ്രയേൽ പോരാട്ടം. ഇരുഭാഗത്തും ആൾനാശം തുടരുന്നു. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 17 പേര്‍ കുട്ടികളാണ്. 8 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹമാസ് ഗാസ സിറ്റി കമാന്‍ഡര്‍ ബസ്സിം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്റെ ചില മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ സിറ്റിയിലെ ടെല്‍ അല്‍ ഹവയില്‍ ഗര്‍ഭിണിയും കുഞ്ഞും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മൂന്നാമത്തെ ഗാസ ടവര്‍ ഇസ്രയേല്‍ മിസൈല്‍ ഉപയോഗിത്ത് തകര്‍ത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. 1500 ഓളം റോക്കറ്റുകള്‍ ഗാസയില്‍ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നുവെന്നാണ് ഇസ്രയേല്‍ സേനയുടെ അഭിപ്രായം. ഒരു കുട്ടി ഉള്‍പ്പടെ 6 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലി പൗരന്‍ കൊല്ലപ്പെട്ട ലോദ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസക്ക് നേരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അതാണ് ഇസ്രയേലിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെയാണ് ആക്രമണം വര്‍ധിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞത്. 2014ന് ശേഷം ഇതാദ്യമായാണ് ഗാസയില്‍ ഇത്രയധികം സംഘര്‍ഷമുണ്ടാകുന്നത്.
ഇതിനിടെ ഇസ്രയേലിനെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ബൈഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജെറുസലേമിനും തെല്‍ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തി വരുന്ന അക്രമങ്ങളെ ബൈഡന്‍ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി’ എന്നാണ് യുഎസ് പ്രസിഡൻ്റ് ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.