തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളതാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് മുന്നറിയിപ്പും നല്‍കി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം.
കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ നിരാശയുണ്ട്. തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും അസമിലും വിജയിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി തന്നെ പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാകാത്ത സാഹചര്യവും അറിയിക്കണം. യാഥാര്‍ത്ഥ്യത്തെ നേരിടാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
5 സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്. ബംഗാളില്‍ ഇടതുസഖ്യത്തിനൊപ്പം മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടരാനാണ് ജനവിധി ഉണ്ടായത്.