മാഹിയിൽ ലോക് ഡൗൺ നീട്ടി

0

പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ലോക് ഡൗൺ ഈ മാസം 24 വരെ നീട്ടി. ഇന്ന് അർധരാത്രിവരെ നിശ്ചയിച്ച ലോക്ക്ഡൗണാണ് നീട്ടിയത്. എല്ലാദിവസവും രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ കൊറോണ കർഫ്യു ഉണ്ടായിരിക്കുമെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബീച്ചുകൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഓഡിറ്റോറിയം, മ്യൂസിയം, വിനോദവേദി, ലൈബ്രറികൾ എന്നിവ പ്രവർത്തിക്കില്ല. മാഹി പുഴയോര നടപ്പാതയുടെ മുഴുവൻ ഭാഗവും മാഹി ഇൻഡോർ സ്റ്റേഡിയവും അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പച്ചക്കറിക്കടകൾ, ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ തീറ്റ എന്നിവ ലഭ്യമാക്കുന്ന ഷോപ്പുകൾ എയർ കണ്ടീഷനിങ്‌ ഇല്ലാതെ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാൻ അനുവദിക്കും. മദ്യഷോപ്പുകൾ ഉൾപ്പെടെ മറ്റെല്ലാ കടകളും 24-ന് അർധരാത്രിവരെ അടച്ചിരിക്കും.

ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, സെബി, സ്റ്റോക്ക് അനുബന്ധ ഓഫീസുകൾ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കൂവെന്നും അഡ്മനിസ്ട്രേറ്റര്‍ അറിയിച്ചു