ലോക്ക്ഡൗണില്‍ ജീവിതശൈലീരോഗങ്ങള്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ അസുഖങ്ങള്‍ക്കുള്ള ക്ലിനിക്കുകള്‍ കൊവിഡ് കാലത്തിന് മുമ്പ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും മരുന്നുകള്‍ വീടുകളിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇ-ഹെല്‍ത്ത് സംവിധാനം വഴി ഡാറ്റാബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയില്‍ ആവര്‍ത്തിച്ചാലും ഈ ഡാറ്റാബേസ് ഗുണം ചെയ്യും.
വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഉറപ്പാക്കും. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ മുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വരെ ഉള്ളവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സുരക്ഷ ഒരുക്കണം.
സംസ്ഥാനത്ത് ഉണ്ടായിരുന്ന 995 വെന്റിലേറ്ററുകള്‍ 2293 ആയി ഉയര്‍ന്നു. ഐസിയു ബെഡുകള്‍ 1200ല്‍ നിന്ന് 2857 ആയി കൂടി. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. ഇതിനു പുറമെ സ്വകാര്യ ആശുപത്രിയിലും മറ്റ് സംവിധാനങ്ങളുണ്ട്.
സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അതെസമയം, എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാല്‍ സര്‍ക്കാര്‍ നിസ്സഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണമാണ്.