ലോക്ക്ഡൗണിന്റെ മറവില്‍ വിലക്കയറ്റം രൂക്ഷം. അവശ്യ സാധനങ്ങള്‍ക്ക് എങ്ങും വില കൂടി. 20 മുതല്‍ 60 രൂപ വരെയാണ് പച്ചക്കറികള്‍ക്ക് വില കൂടിയിരിക്കുന്നത്. ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. കൂടിയ വില നല്‍കി സാധനങ്ങള്‍ വാങ്ങിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവരും പറയുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ നാളെ മുതല്‍ സംസ്ഥാനം ലോക്ക്ഡൗണിലേക്ക് കടക്കവേയാണ് ചാല മാര്‍ക്കറ്റില്‍ പച്ചക്കറിയുടെ വില വ്യാപാരികള്‍ കുത്തനെ കൂട്ടിയത്. 30 രൂപ മുതല്‍ 60 രൂപ വരെ വിറ്റിരുന്ന വെണ്ടക്ക ഇപ്പോള്‍ 80 രൂപക്കാണ് വില്‍ക്കുന്നത്. 60 രൂപക്കും 40 രൂപക്കും ലഭിച്ചിരുന്ന നാരങ്ങ 80 മുതല്‍ 100 രൂപ വരെയാണ് നിലവിലെ വില. കിലോ 60 രൂപക്ക് വിറ്റിരുന്ന പയര്‍ 100 രൂപയായി. തക്കാളി 20 രൂപയില്‍ നിന്നും 30 രൂപ ആയി ഉയര്‍ന്നു. കത്തിരിക്ക 30 രൂപയില്‍ നിന്നും 40 രൂപയിലേക്കും എത്തി.
തമിഴ്‌നാട് നിന്നുള്‍പ്പടെ പച്ചക്കറികള്‍ എത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.