തമിഴ്‌നാട്ടില്‍ സൗജന്യങ്ങളുമായി ഡിഎംകെ മുഖ്യമന്ത്രി സ്റ്റാലിൻ്റെ തുടക്കം. പാല്‍ വില കുറച്ചും, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചും സൗജന്യ കോവിഡ് ചികിത്സ പ്രഖ്യാപിച്ചുമാണ് സ്റ്റാലിന്‍ ഭരണത്തിന് തുടക്കം കുറിച്ചത്.
രാവിലെ ഒമ്പതിന് രാജ്ഭവനിലായിരുന്നു സ്റ്റാലിൻ്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഇതിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം ഉണ്ടായത്.
സര്‍ക്കാരിൻ്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യമാക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ കമ്പനിയായ ആവിന്‍ പാലിന് മൂന്ന് രൂപ കുറച്ചിട്ടുണ്ട്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം നല്‍കും. ഇതിനായുള്ള ഉത്തരവും ഇറങ്ങി. 4000 രൂപ വീതം നല്‍കുമെന്നായിരുന്നു ഡിഎംകെയുടെ വാഗ്ദാനം. ഇതിന്റെ ആദ്യപടിയായാണ് 2000 രൂപ നല്‍കുന്നത്.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി എന്ന പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കും. ഐഎഎസ് ഉദ്യോഗസ്ഥനാകും ഇതിന്റെ ചുമതല.