ബംഗാളിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺഗ്രസിൻ്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘർഷ സ്ഥലം സന്ദർശിക്കാൻ പോയ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം.
പൊലീസിൻ്റെ സാന്നിധ്യത്തിലാണ് തൃണമൂൽ ഗുണ്ടകൾ വി.മുരളീധരനെ ആക്രമിച്ചത്. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂർണമായും മമത ബാനർജി തകർത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്. ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബംഗാളിൽ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു