ജനങ്ങളുടെ വിജയമെന്ന് പിണറായി, സ്വന്തം പരാജയം സമ്മതിച്ച് മമത

0

കേരളത്തിലും ബംഗാളിലും ഭരിക്കുന്ന കക്ഷികള്‍ തുടര്‍ഭരണം നേടിയപ്പോഴും കപ്പിത്താന്‍ നഷ്ടമായ കപ്പലിൻ്റെ അവസ്ഥയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കേരളത്തില്‍ ഇടതുമുന്നണിയും അതിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും വിജയിച്ചപ്പോള്‍ ബംഗാളില്‍ ടിഎംസി വിജയിച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെട്ടു.

ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ്. മമതയെ പരാജയപ്പെടുത്തി ബംഗാളിനെ മോചിപ്പിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നേരിട്ടാണ് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. എന്നാല്‍ ശക്തമായ മത്സരത്തില്‍ ബിജെപിയേയും കോണ്‍ഗ്രസ് -ഇടതു സഖ്യത്തേയും തറപറ്റിച്ചാണ് ടിഎംസി വീണ്ടും അധികാരത്തിലേറുന്നത്.

215 സീറ്റ് ടിഎംസി നേടിയപ്പോള്‍ അധികാരം പിടിക്കും എന്ന് അവകാശപ്പെട്ട ബിജെപിക്ക് 74ല്‍ ഒതുങ്ങേണ്ടി വന്നു. മൂന്നര പതീറ്റാണ്ട് സംസ്ഥാനം ഭരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും.

പക്ഷേ ഇത്രയും തിളക്കമാര്‍ന്ന വിജയം ടിഎംസിക്ക് നേടി കൊടുക്കാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാലിടറി. മത്സരിച്ച നന്ദഗ്രാമില്‍ ഒരുകാലത്ത് തൻ്റെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയോട് 1622 വോട്ടിന് പരാജയപ്പെടേണ്ടി വന്നു. പരാജയം അംഗീകരിക്കുന്നതായി മമത പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിലെ ചരിത്ര വിജയം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ ഞങ്ങള്‍ വിശ്വസിച്ചു ജനങ്ങള്‍ ഞങ്ങളേയും. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ സംസ്ഥാനത്തിൻ്റെ താല്‍പപ്പര്യത്തിന് എതിരായി നിന്നവര്‍ക്ക് പരാജയം സ്വാഭാവികമാണ്. സംസ്ഥാനത്തിൻ്റെ താല്‍പ്പര്യത്തിന് എതിരെ നിന്ന് സ്വന്തം അജണ്ട അടിച്ചാല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ചില മാധ്യമങ്ങള്‍. അവര്‍ ഇനിയെങ്കിലും തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.