ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും തന്റെ സംഭാവനകളിലൂടെ കയ്യൊപ്പ് പതിച്ച ഫ്രീമാൻ ജോൺ ഡൈസൺ (96) അന്തരിച്ചു. മകൾ മിയ ഡൈസനാണ് മരണം സ്ഥിരീകരിച്ചത്.
ക്വാണ്ടം സിദ്ധാന്തം, കണികാശാസ്ത്രം, ഫെറോ മാഗ്നറ്റിസം, ആസ്ട്രോബയോളജി, അപ്ളൈഡ് മാത്തമാറ്റിക്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് ഫ്രീമാൻ ഡൈസൺ. ആരനൂറ്റാണ്ടിലേറെയായി അമേരിക്കയിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയ്ക്കു കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ (ഐ.എ.എസ്) പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
1940കളിൽ പദാർത്ഥങ്ങളും പ്രകാശവും തമ്മിലുള്ള പരസ്പരക്രിയ (ഇന്ററാക്ഷൻ) വ്യക്തമാക്കുന്ന ആധുനിക ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്ക് രൂപപ്പെടുത്തിയത് റിച്ചാർഡ് ഫെയ്ൻമാൻ, ജൂലിയൻ ഷ്വിങർ, സിൻ ഇട്ടിരോ ടോമൊനാഗ എന്നിവരാണ്. ഇവർ മൂന്നുപേരും ആവിഷ്കരിച്ച സിദ്ധാന്തം വിശകലനം ചെയ്ത് ലോകത്തിന് വ്യക്തമാക്കിയത് ഫ്രീമാനായിരുന്നു.
1923 ഡിസംബർ 15 ന് ഇംഗ്ളണ്ടിലെ ക്രോതോണിലെ ബരക് ഷൈർ എന്ന ഗ്രാമത്തിലാണ് ഡൈസന്റെ ജനനം. വിൻചെസ്റ്റർ കോളേജിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാല, കോർനെൽ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കി. കോർനെൽ സർവ്വകലാശാലയിലും പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.