കൊവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു

0

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 400 രൂപ വിലയില്‍ നിന്ന് 300 രൂപയാക്കിയാണ് കുറച്ചത്. അതെസമയം, സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കുന്ന വിലയില്‍ മാറ്റമില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്ക് തന്നെയാകും വാക്‌സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപക്ക് വാക്‌സിന്‍ നല്‍കും.

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലക്കാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടിയ വിലക്കാണ് ഇന്ത്യയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും താങ്ങാവുന്ന കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിശദീകരണം.

ഒരു ഡോസ് വാക്‌സിനു വേണ്ടി 2.15 മുതല്‍ 3.5 ഡോളറാണ് യൂറോപ്യന്‍ യൂണിയന്‍ ചെലവഴിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 180 മുതല്‍ 270 രൂപ വരെയാണിത്. യുകെ കൊവിഷീല്‍ഡിന്റെ ഒരു ഡോസിന് വേണ്ടി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികള്‍ക്ക് 8 ഡോളറിനും തുല്യമായ വിലക്കാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിലനിര്‍ണയം സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നതോട് കൂടിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ ഭാഗം വിശദീകരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കുറഞ്ഞ വിലക്കാണ്. പ്രാരംഭ വിലകള്‍ ആഗോള തലത്തില്‍ കുറക്കാന്‍ കാരണം വാക്‌സിന്‍ നിര്‍മ്മാണത്തിനായി ആ രാജ്യങ്ങള്‍ നല്‍കിയ മുന്‍കൂര്‍ ധനസഹായത്തിന്റെ അടിസ്ഥാനത്തിലാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.