ഇന്ത്യയുടെ കൊവിഡ് പ്രതിരോഝ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി കാനഡ. ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്റെ സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് കാനഡ. തുക ഇന്ത്യക്ക് നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടുവെന്ന് ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി.
മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് സജ്ജീകരണങ്ങളും കാനഡ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാഹാമരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കള്‍ക്കായി നിലകൊള്ളണെമന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടു. മുമ്പ് വിദേശകാര്യ മന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മാര്‍ക് ഗാര്‍നോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി 3 ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.62 ലക്ഷം റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3200 പേര്‍ മരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2 ലക്ഷം കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നിവക്ക് ശേഷം കൊവിഡ് മരണ നിരക്ക് രണ്ട് ലക്ഷം പിന്നിടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2.01 ലക്ഷം കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്.