18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍; രജിസ്‌ട്രേഷന് ഇന്ന് തുടക്കമാകും

0

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മേയ് 1 മുതല്‍ ആരംഭിക്കുന്ന വാക്‌സിനേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികളാണ് ആരംഭിക്കുന്നത്.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാകുമെങ്കിലും മേയ് 1ന് വാക്‌സിനേഷന്‍ സാധ്യമാണോ എന്ന കാര്യത്തില്‍ വ്യക്തതയായില്ല. വാക്‌സിന്റെ ലഭ്യത കുറവാണ് ഇതിനു കാരണം. ചത്തീസ്ഗഢ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വാക്‌സിന്റെ ലഭ്യത കുറവ് കാരണം മേയ് 1ന് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കേരളം, ആന്ധ്രപ്രദേശ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ കിട്ടിയില്ലെങ്കില്‍ ദൗത്യം തടസപ്പെടും. 25000 ഡോസ് വാക്‌സിന്‍ മാത്രമേ സംസ്ഥാനത്ത് അവശേഷിക്കുന്നുള്ളൂ എന്ന് പഞ്ചാബ് വ്യക്തമാക്കി. ഇതില്‍ 90000 എണ്ണം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാാക്‌സിന്‍ നല്‍കാന്‍ പ്രതിദിനം വേണം എന്നതാണ് അവസ്ഥ. അതിനാല്‍ രണ്ട് ദിവസത്തെ മാത്രം വാക്‌സിന്‍ അവശേഷിക്കുന്നിടത്ത് മറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യംം ഇല്ലെന്നും പഞ്ചാബ് വിശദീകരിച്ചു.

സമാന അവസ്ഥ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് എന്നതിനാല്‍ അവരും ഇതേ നിലപാടിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെ എങ്ങനെ മറികടക്കാം എന്നാണ് കേന്ദ്രസര്‍ക്കാരും വിവിധ തലങ്ങളില്‍ ആലോചിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഉള്ള കേന്ദ്രീകൃത സംവിധാനമടക്കമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. മേയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.