കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷിയോഗം ചേരും. സമ്പൂര്‍ണ ലോക്ക് ഡൗണിന് സാധ്യത ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 2ന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണമോയെന്നും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമാകും.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാകും സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുക. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡ ഡൗണിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട്. മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണല്‍ കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ആഹ്ലാദപ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നാളെ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായേക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഹ്ലാദപ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് എന്നത് ആശ്വാസം പകരുന്ന കാര്യാമാണെങ്കില്‍ കൂടി നാളെ നടക്കുന്ന യോഗത്തിലേ അന്തിമ തീരുമാനമാകൂ. ഇക്കാര്യത്തിലെടുക്കുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിക്കും.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിര്‍ദ്ദേശവും ഉയരാനാണ് സാധ്യത. ആദ്യ കൊവിഡ് കാലത്തിന് ശേഷം തിരുവരവിന്റെ പാതയിലുള്ള വ്യാപാര, വ്യവസായ മേഖലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം. രാത്രി ഏഴരക്ക് കടകള്‍ അടക്കണമെന്ന നിര്‍ദ്ദേശങ്ങളോട് വ്യാപാര മേഖലക്ക് അമര്‍ഷമുണ്ട്. മോട്ടേര്‍ വാഹന തൊഴിലാളികളും ദിവസ വേതന ജോലിക്കാരും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലും സര്‍വകക്ഷിയോഗം നിര്‍ണായകമാകും.