തൃശൂര്‍ പൂരത്തിനിടെ മരം വീണു; 2 പേര്‍ മരിച്ചു

0

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടയില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. മേളത്തിനിടെ വലിയ ആല്‍മരക്കൊമ്പ് വീണാണ് അപകടമുണ്ടായത്. രാത്രി 12.30 ഓടു കൂടിയായിരുന്നു അപകടം.

നിരവധി പൊലീസുകാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. അന്തിക്കാട് സിഐ ജ്യോതിലാലിന്റെ തുടയെല്ല് പൊട്ടി. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നഗരത്തിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

മേളക്കാരും പൊലീസുകാരും ആഘോഷ കമ്മിറ്റി അംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. മരക്കൊമ്പ് വൈദ്യുതി ലൈനിലേക്ക് വീഴുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു.

ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകള്‍ മുമ്പ് നിറച്ചുവെച്ചതിനാല്‍ അവയെല്ലാം പൊട്ടിച്ച് നിര്‍വീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ച് കളഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പകല്‍പൂരം ചടങ്ങില്‍ മാത്രം ഒതുക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നള്ളിക്കും.