സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 ലക്ഷം വാക്‌സിന്‍ ഡോസ് ന്യായമായ ആവശ്യമാണ്. അത് എത്രയും വേഗം ലഭ്യമാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്യ 400 രൂപക്ക് വാക്‌സിന്‍ വാങ്ങിക്കാനായി 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുകയേ ചെയ്യൂ. ഇപ്പോള്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ രീതിയില്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഘട്ടംഘട്ടമായി വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് പ്രായഭേദമന്യേ മുന്‍ഗണന നല്‍കും. ഇതിനോടകം തന്നെ 55.09 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 8.3 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.