സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യു

0

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കാല കര്‍ഫ്യു പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും കര്‍ഫ്യു ബാധകമായിരിക്കില്ല. മാസ് പരിശോധനയില്‍ ശേഖരിച്ച അവശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. അതസമയം, കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയായണ്.

രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാല്‍,പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് ഇളവ് ലഭിക്കും. കര്‍ഫ്യു ലംഘിച്ചാല്‍ കേസ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.

ഷോപ്പിങ് മാളുകള്‍, സിനിമാശാലകള്‍ എന്നിവക്ക് രാത്രി 7.30 മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ട്യൂഷന്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മീറ്റിംഗുകള്‍, ട്രെയിനിംഗുകള്‍ മറ്റു പരിപാടികള്‍ എല്ലാം കഴിവതും ഓം്#ലൈന്‍ വഴി നടത്താനാണ് നിര്‍ദ്ദേശം. പതിവ് ആരാധനകളും ഉത്സവങ്ങളും ഓണ്‍ലൈനായി നടത്തണം.

കടകളും മറ്റ് സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയാണെങ്കില്‍ രണ്ട് ദിവസം അടപ്പിക്കാനാണ് തീരുമാനം. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് പൊലീസിനോ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കോ കടകള്‍ അടപ്പിക്കുന്ന ദിവസങ്ങള്‍ വര്‍ധിപ്പിക്കാവുന്നതാണ്. ഹോട്ടലുകളില്‍ 9 മണിക്ക് ശേഷം പാര്‍സല്‍ പോലും അനുവദിക്കില്ല. ഇന്നും നാളെയും പ്രത്യേക കാമ്പയിനുകളും നടത്താന്‍ തീരുമാനമായി. രണ്ടാഴ്ചത്തേക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.