സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനായി ചീഫ് സെക്രട്ടറിയുമായി കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. 11 മണിക്കാണ് യോഗം നടക്കുക. ഉന്നത ഉദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും ഉള്‍പ്പെടുന്നതാണ് യോഗം. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്‌സിന്‍ വിതരണ സാഹചര്യവും യോഗത്തില്‍ വിലയിരുത്തും.
എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും 200 കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.
പല ജില്ലകളിലും ഇതിനോടകം തന്നെ വിതരണത്തിനുള്ള വാക്‌സിന്‍ ലഭ്യമല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ ഇന്ന് വ്യാപകമായി വാക്‌സിനേഷന്‍ മുടങ്ങാനാണ് സാധ്യത. ഇന്ന് കൂടുതല്‍ ഡോസ് എത്തുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ല.