ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0

കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെഎസ് സ്വപ്‌നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഉത്തരവിട്ടത്.

ജീവനക്കാരി ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കനറാ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കുകള്‍ ജീവനക്കാരുടെ മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരെ കല്‍പ്പറ്റയില്‍ അഭിഭാഷകനായ എജെ ആന്റണിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച് നിലവിലുള്ള ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍ ലാകം കൊയ്യുന്നുവെന്നാണ് പരാതി. മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടുമാസം മുമ്പ് പാലക്കാടും ബാങ്ക് ജീവനക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു. നിക്ഷേപം, വായ്പ, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാര്‍ഗറ്റുകള്ഡ കൈവരിക്കാനാമ് ബാങുകള്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.