ബന്ധുനിയമനത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്ന കാര്യം: മുല്ലപ്പള്ളി

0

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷില്‍ യോഗ്യതയില്‍ ഇളവ് വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആണ് എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത ഉത്തരവിട്ടിരുന്നു. എന്നാല്‍ സിപിഐഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. സിപിഐഎമ്മിന്റെ ഈ നിലപാടിനു പിന്നില്‍ മുഖ്യമന്ത്രിയുടെ താത്പര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായി.

കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടു കൂടി നടന്നിട്ടുള്ളതാണ്. താന്‍ ഇക്കാര്യം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്ഷ്ട്യമാണ് മുഖ്യമന്ത്രിക്കുള്ളത്. ബന്ധുനിയമനം അടക്കം ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.